കൊച്ചി: രാജ്യത്തിൻ്റെ പല തലമുറകളെ ഇല്ലാതാക്കാൻ പോന്ന, കിലോയ്ക്ക് ഒരു കോടിയിലേറെ വില വരുന്ന ഹൈഡ്രോ കഞ്ചാവ് കേസിലെ പ്രധാന കണ്ണി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ പിടിയിലായി. കാസർകോട് ലൈറ്റ് ഹൗസ് ലൈനിൽ മെഹ്റൂഫ് (36) നെയാണ് ജില്ലാ പോലീസ് മേധാവി ഡോ.വൈഭവ് സക്സേനയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ബാങ്കോക്കിലേക്ക് കടക്കാൻ ശ്രമിക്കുന്നതിന് ഇടയിലാണ് ഇയാൾ പിടിയിലായത്.ശീതീകരിച്ച മുറിയിൽ കൃത്രിമ വെളിച്ചത്തിൽ വളർത്തുന്ന ഉഗ്രശേഷിയുള്ള ലഹരി വസ്തുവാണ് ഹൈഡ്രോ കഞ്ചാവ്. അത്യന്തം അപകടകാരിയായ ഈ ലഹരി വസ്തുവിന് കിലോയ്ക്ക് ഒരു കോടിയിൽ ഏറെയാണ് വില. ബാംഗ്ലൂരിൽ പിടിച്ചെടുത്തത് മൂന്നരകോടിയുടെ ഹൈഡ്രോ കഞ്ചാവാണ്. 2 വർഷം മുൻപ് ബാംഗ്ലൂരിൽ താമസിച്ചിരുന്ന ഒരു ഇറാൻകാരനിൽ നിന്നും ഇത് പിടികൂടിയിരുന്നു. അയാൾ ഹൈഡ്രോ കഞ്ചാവ് നട്ടുവളർത്തുകയായിരുന്നു. തീവ്രവാദത്തെ വളർത്തുന്ന രാഷ്ട്രങ്ങളിലാണ് ഇത്തരം കഞ്ചാവ് അധികമായി കണ്ടെത്തിയിട്ടുള്ളത് എന്നതിനാൽ വിവിധ രാജ്യങ്ങളിലെ ഭീകരവിരുദ്ധ സേനകളും ഇക്കാര്യത്തിൽ അന്വേഷണം നടത്തുന്നുണ്ട്.
കഴിഞ്ഞ മാസം 27 ന്, മൂന്നരക്കോടി രൂപ വിലവരുന്ന ഹൈഡ്രോ കഞ്ചാവ് ബാംഗ്ലൂർ വിമാനതാവളത്തിൽ പിടികൂടിയിരുന്നു. ഈ സംഘത്തിലെ പ്രധാന കണ്ണിയാണ് മെഹ്റുഫെന്നാണ് വിവരം. ഇയാൾ കേരളം വഴി വിദേശത്തേക്ക് രക്ഷപ്പെടാൻ സാധ്യതയുണ്ടെന്ന് കൂർഗ് എസ്.പി. കെ. രാമരാജൻ, എറണാകുളം റൂറൽ ജില്ലാ പോലീസ് മേധാവി വൈഭവ് സക്സേനയെ അറിയിച്ചിരുന്നു. തുടർന്ന് പ്രത്യേക ടീമിനെ നെടുമ്പാശേരിയിലും പരിസരത്തും നിയോഗിച്ച് അന്വേഷണം നടത്തുകയായിരുന്നു. അതിന് ഇടയിലാണ് കടന്നു കളയാനെത്തിയ ഇയാളെ പിടി കൂടിയത്.
മടിക്കേരി പോലീസിന് കൈമാറിയ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു.
Hydro cannabis accused Mahroof in custody. 1 crore for 1 kg of ganja.